ഇന്ത്യന്‍ ഓയില്‍ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം

IOC-theft

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം. കമ്പനിയുടെ ബിജ്‌വാസന്‍ ഡിപ്പോയില്‍ നിന്ന് പാനിപത്തിലെ റിഫൈനറിയിലേക്ക് ഇന്ധനമെത്തിക്കുന്ന പൈപ്പ് ലൈനില്‍ നിന്നും സംഘം ചേര്‍ന്ന് ഇന്ധനം മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

ഒഴിഞ്ഞ കിടക്കുന്ന റൂമില്‍ നിന്ന് തുരങ്കമുണ്ടാക്കി ഐഒസിയുടെ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം മോഷ്ടിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍, കഴിഞ്ഞ ദിവസം ഇവര്‍ തുരങ്ക നിര്‍മാണം നടത്തുന്ന റൂമില്‍ സ്‌ഫോടനമുണ്ടായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ ഇവരാരും റുമിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ പൈപ്പ് ലൈനിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്‌ഫോടനമുണ്ടായയുടന്‍ സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഐഒസിയുടെ പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് മനസിലായത്.

സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശിവേഷ് സിങ് പറഞ്ഞു. അഞ്ച് പേരാണ് മോഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Top