മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസ് വിചാരണയ്ക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മനാഫിന്റെ കുടുംബം. ജൂലൈ ഒന്നിന് രാവിലെ 10.30തിന് മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ കുടുംബം നീതി സമരം നടത്തും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. വിചാരണ അട്ടിമറിച്ച് അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കമുള്ള പ്രതികളെ രക്ഷിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്.
തുല്യനീതി എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ അട്ടിമറിച്ച് എം.എല്‍.എക്കു വേണ്ടി ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മനാഫിന്റെ ബന്ധുക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മനാഫ് വധ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ടു തവണയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുള്‍റസാഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ 2019 മെയ് 20ന്് ഉത്തരവിട്ടു.
രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) സി.ശ്രീധരന്‍നായര്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളുകയായിരുന്നു.
മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും 21 പ്രതികളെ വെറുതെവിട്ട കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ സി. ശ്രീധരന്‍നായര്‍ തന്നെയായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടറെന്നും വെറുതെവിട്ട പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ അപ്പീലും മനഫിന്റെ സഹോദരന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതുപോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മനാഫിന്റെ സഹോദരന്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസ്റ്റിസ് അശോക് മേനോന്‍ 2019 നവംബര്‍ 27ന് ഉത്തരവിട്ടു. മനാഫിന്റെ സഹോദരന്‍ അഭിഭാഷക പാനല്‍ സമര്‍പ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായരായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് കേസില്‍ ഉടനീളമുണ്ടായ അട്ടിമറികള്‍ തെളിയിക്കുന്നത്.
കേസിലെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ എന്ന ജാബിര്‍ ,നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവര്‍ നിയമവ്യവസ്ഥയെ കബളിപ്പിച്ച് ജാമ്യം നേടിയതിന് ഹൈക്കോടതി 15,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ചാണ് ഇരുവരും വിചാരണ കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്.
മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തി ജാമ്യം അനുവദിച്ച മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ താക്കീതു ചെയ്തിരുന്നു. കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്.
ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. എം.എല്‍.എയായിട്ടും കൊലപാതകക്കേസ് പ്രതികളായ സഹോദരീ പുത്രന്‍മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ അവരെ സംരക്ഷിക്കുകയും ഒളിവില്‍കഴിയാന്‍ സഹായം ചെയ്യുകയും ചെയ്ത പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എം.എല്‍.എയായിരിക്കെ തന്നെ അന്‍വര്‍ പലതവണ ദുബായില്‍പോയി സഹോദരീപുത്രന്‍മാരെ സന്ദര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് മനാഫിന് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കുടുംബം നീതി സമരം നടത്തുന്നതെന്നും വ്യക്തമാക്കി.
Staff Reporter