കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഭീഷണിയായി ചില മാധ്യമങ്ങളുടെ ‘പിന്തുണയോടെ’ ഒരു സംഘം ന്യൂ ജനറേഷന്‍ തിരികൊളുത്തിയ ചുംബന സമരത്തിന്റെ യഥാര്‍ത്ഥ മുഖമാണ് കൊച്ചിയിലെ പൊലീസ് ആക്ഷനിലൂടെ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
ചുംബന സമരത്തിന് നേതൃത്വം നല്‍കുകയും ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പുതിയ ‘സംസ്‌കാരത്തിന്’ വേണ്ടി നിറഞ്ഞാടുകയും ചെയ്ത ‘കിസ്സ് ഓഫ് ലൗ’വിന്റെ പ്രധാന സംഘാടകരായ രാഹുല്‍ പശുപാലും ഭാര്യയുമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
‘കിസ്സ് ഓഫ് ലൗ’ വിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് ഫാറൂഖ് കോളേജിനെ വിവാദങ്ങളുടെ കേന്ദ്രമാക്കുന്നത്.
പരസ്പരം ചുംബിച്ചാല്‍ എന്താണ് പ്രശ്‌നമെന്നാണ് ‘കിസ്സ് ഓഫ് ലൗ’ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്. ഫാറൂഖ് കോളേജിനെ വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ ചോദിക്കുന്നത് ഒരു ബഞ്ചില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൊട്ടുരുമ്മിയിരുന്നാല്‍ എന്താണ് കുഴപ്പമെന്നാണ്.
പരസ്പരം ചുംബിച്ചാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യത്തിനുള്ള മറുപടി ഇപ്പോള്‍ രാഹുല്‍ പശുപാലിന്റെ അറസ്റ്റോടെ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. ഇനി തൊട്ടുരുമ്മിയാലുള്ള കുഴപ്പമെന്താണെന്ന ചോദ്യത്തിനുള്ള മറുപടിയും ഇങ്ങനെപോയാല്‍ അധികാം താമസിയാതെ തന്നെ ലഭിക്കും.
കേരളത്തിലെ ഒരു ക്യംപസിലും നടപ്പില്ലാത്ത കാര്യം ഫാറൂഖ് കോളേജില്‍ നടപ്പാക്കണമെന്ന് പറയുന്നവരുടെ താല്‍പര്യം ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്.
പിഞ്ചുകുഞ്ഞിനോടുപോലും കാമാസക്തി പ്രകടിപ്പിക്കുന്നവര്‍ വര്‍ധിക്കുന്നകാലത്ത് കുട്ടികളെ കോളേജുകളിലേക്ക് പറഞ്ഞയയ്ക്കുന്ന രക്ഷിതാക്കളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും അല്‍പം ജാഗ്രത കാണിച്ചാല്‍ അതിനെ പിന്‍തിരിപ്പന്‍ നിലപാടെന്നും ഇടുങ്ങിയ ചിന്താഗതിയെന്നും വിശേഷിപ്പിച്ച് താറടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
കേരളത്തില്‍ ഏത് ക്യാംപസിലാണ് ഒരേ ബഞ്ചില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മുട്ടിയുരുമ്മി ഇരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഫാറൂഖ് കോളജിലെ ‘ലിംഗ വിവേചനം’ ആഗോള പ്രശ്‌നമാക്കുന്ന സമരക്കാര്‍ക്ക് ബാധ്യതയുണ്ട്.
വിവിധ മതങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന നിരവധി പെണ്‍കുട്ടികള്‍ പഠിക്കുന്ന ക്യംപസാണ് കോഴിക്കോട് ഫാറൂഖ് കോളേജ്.
വിദ്യാര്‍ത്ഥി പ്രവേശനത്തിലോ നിയമനങ്ങളിലോ ഏതെങ്കിലും സാമുദായിക താല്‍പര്യം കാട്ടിയെന്ന് ആരും ഇന്നുവരെ ഈ കോളേജ് മാനേജ്‌മെന്റിനെ ആക്ഷേപിച്ചു കണ്ടിട്ടില്ല.
ക്ലാസ് ഇല്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് സൗഹൃദം പങ്കിടുന്നതിനും ഇവിടെ വിലക്കുമില്ല. പിന്നെ ആര്‍ക്കാണ് പ്രശ്‌നം? എന്തിനു വേണ്ടിയാണ് ഈ വിവാദം? ഇതാണ് കേരളീയ സമൂഹം ഗൗരവമായി ആലോചിക്കേണ്ടത്.
ക്ലാസ് റൂമില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്നിരിക്കണമെന്ന് വാശിപിടിക്കുന്നവരുടെ താല്‍പര്യം എന്തായാലും നല്ലതാണെന്ന് കരുതാന്‍ തരമില്ല.
ഇവര്‍ക്കുവേണ്ടി വക്കാലത്ത് എടുത്ത് പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന വിപ്ലവവിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാട് പുനപരിശോധിക്കാന്‍ തയ്യാറാകണം.
ക്യംപസുകളില്‍ എന്തുമാവാം ആരും ചോദ്യം ചെയ്യരുത് എന്ന ധിക്കാരം നല്ലതല്ല. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നനിലയ്ക്ക് പുരോഗമന കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍ തന്നെ അത് പൊതു സമൂഹത്തിന് സ്വീകാര്യമായതുകൂടിയാവണം.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലപാടിന് വേണ്ടി നിങ്ങള്‍ ഉയര്‍ത്തുന്ന മുഷ്ടികള്‍ സംഘടനയുടെ നെഞ്ചത്തുതന്നെയാണ് തറയ്ക്കുക എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
പെണ്‍കുട്ടികളുടെ ഇടയില്‍ ഇടകലര്‍ന്നിരിക്കുന്നതിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന എത്രപേര്‍ അവരുടെ സഹോദരിമാരെയും ബന്ധുക്കളെയും ഇങ്ങനെ ഇടകലര്‍ന്നിരിക്കാന്‍ വിടും?
സ്വന്തം കാര്യം വരുമ്പോള്‍ പിറകോട്ടടിക്കുകയും നിലപാടുകള്‍ വിഴുങ്ങുകയും ചെയ്യുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈകടത്താന്‍ വരാതിരിക്കുന്നതാണ് നല്ലത്.
പുരോഗമന ചിന്താഗതി എന്നാല്‍ ബൂര്‍ഷ്വാ ജീവിതശൈലിയെ മാതൃകയാക്കുക എന്നതല്ല.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടകലര്‍ന്നുമാത്രമല്ല ‘മറ്റുപലതും’ വിദ്യാര്‍ഥികള്‍ ഒരുമിച്ച് ചെയ്യാറുണ്ട്. അവിടെ അതിന് ആര്‍ക്കും വിലക്കില്ല. നടപടിയുമില്ല. ആ ജീവിതശൈലിയാണോ ലിംഗവിവേചനവാദമുയര്‍ത്തുന്നവര്‍ കേരളത്തില്‍ ആഗ്രഹിക്കുന്നത് ?
ഇന്ന് ഫാറൂഖ് കോളേജിലും മഹാരാജാസിലും ഉയര്‍ത്തിയ പ്രതിഷേധക്കൊടി നാളെ സംസ്ഥാനത്തെ മറ്റ് ക്യാംപസുകളിലും ഉയര്‍ത്താന്‍ ന്യൂജനറേഷന്‍ ‘വികാരം’ തലയ്ക്കുപിടിച്ച ‘ബ്രോ’കള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ അതിരുകടന്ന നടപടി.
മനസമാധാനത്തോടെ പെണ്‍കുട്ടികളെ ക്യംപസിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കളെ ഭയപ്പെടുത്താന്‍ മാത്രമേ ലിംഗ വിവേചനവാദമുയര്‍ത്തുന്നവരുടെ നടപടി വഴിവയ്ക്കൂ.
പവിത്രമായ 80 കളിലെയും 90 കളിലെയുമെല്ലാം ക്യാംപസ് സൗഹൃദങ്ങളും പ്രണയങ്ങളും വെറും ഓര്‍മ്മകള്‍ മാത്രമാക്കി, പ്രണയം കച്ചവടവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തിലാണ് ഇപ്പോള്‍ നാം ജീവിക്കുന്നത്.
ഇന്റര്‍നെറ്റിന്റെയും ഫെയ്‌സ് ബുക്കിന്റെയും വാട്ട്‌സ് ആപ്പിന്റെയും ദുരുപയോഗം സ്‌ക്കൂള്‍ കുട്ടികളെ പോലും വഴിതെറ്റിക്കുന്ന കാഴ്ചകളും വാര്‍ത്തകളുമാണ് ദിനംപ്രതി ഉയരുന്നത്.
ക്യംപസുകളിലെ സര്‍ഗ്ഗാത്മക രാഷ്ട്രീയം പോലും വഴിതെറ്റുകയും പുതുതലമുറ അരാഷ്ട്രീയവാദത്തിന് അടിമപ്പെടുകയും ചെയ്യുന്നത് സാംസ്‌കാരിക കേരളത്തിനു തന്നെ ഭീഷണിയായി ഉയരുന്ന സാഹചര്യത്തിലാണ് ലിംഗവിവേചന വിവാദമടക്കം ഉയര്‍ന്നുവരുന്നത്.
ജനങ്ങളുടെ പൊതുവായ താല്‍പര്യമാണ് ജനതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും മുഖവിലയ്‌ക്കെടുക്കേണ്ടത്.
ഒരു ക്ലാസ്‌റൂമില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സന്തോഷമായിരുന്ന് പഠിക്കുന്നതിനുകൂടി വിഘാതം വരുത്തുന്ന തരത്തിലാണ് ഇടകലര്‍ന്നിരിക്കണമെന്ന് വാദിക്കുന്നവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.
പെണ്‍കുട്ടികളുമായി ഇടകലര്‍ന്നിരുന്ന് പഠിക്കണമെന്ന് പറയുന്നത് എന്തായലും നല്ല പഠനമായിരിക്കില്ല. അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്. ചുംബന സമരക്കാരുടെ അറസ്റ്റ് നല്‍കുന്ന സൂചനയും അതുതന്നെയാണ്.
Team Express Kerala