കൊല്‍ക്കത്ത: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ മകന്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് പിതാവ് മകനെ കൊലപ്പെടുത്തി. 78കാരനായ ബന്‍ഷിധര്‍ മല്ലിക് ആണ് മകന്‍ സിര്‍ഷെന്ദു മല്ലിക്കിനെ(45) കൊലപ്പെടുത്തിയത്. വടക്കന്‍ കൊല്‍ക്കത്തയില്‍ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.
പുറത്തിറങ്ങിയപ്പോള്‍ മകന്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബന്‍ഷിധര്‍ മല്ലികും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നും സ്ഥിരമായി ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പശ്ചിമ ബംഗാളില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ മാര്‍ച്ച് 12ന് ഉത്തരവിട്ടിരുന്നു.