തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ കള്ളനെന്ന് കരുതി അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം: പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പേട്ട സ്വദേശി 19 കാരന്‍ അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് ലാലന്റെ മൊഴി.

മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് ലാലന്റെ മൊഴി.

സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പൊലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top