ലഖ്‌നൗ: പ്രായപൂര്‍ത്തിയാവാത്ത മകള്‍ കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്തയറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 400 കി.മി ദൂരെ ബലിയയിലാണ് സംഭവം. പ്രദേശത്തെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമ മുഖ്യനും ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്.
നരാധമന്മാരുടെ ക്രൂരതയ്ക്കിരയായിട്ടും, രക്ഷകരായി ഓടിയെത്തിയ ഗ്രാമവാസികള്‍ക്കു മുന്‍പില്‍ പ്രതികളെ കാട്ടിക്കൊടുക്കാന്‍ പെണ്‍കുട്ടി ധൈര്യം കാട്ടി.
ഞായറാഴ്ച രാത്രിയോടെ വീട്ടിനുള്ളില്‍ ആരും ഇല്ലാത്തപ്പോഴാണ് സംഘം സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പ്രതികളില്‍ ചിലരെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ വാര്‍ത്ത കേട്ട ഉടന്‍ അറുപതുകാരനായ പിതാവ് ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിളിനെ പിന്നീട് അറസ്റ്റ് ചെയ്തു. സംഘത്തില്‍ എട്ടുപേര്‍ ഉണ്ടെന്നാണു പെണ്‍കുട്ടി മൊഴി നല്‍കിയതെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണു കേസ്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.