തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍-ഡന്റല്‍ കോളേജുകളിലെ ഫീസ് നിരക്ക് പ്രവേശന മേല്‍നോട്ട സമിതി പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ഫീസ് ഘടന സമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കുകയും ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് ഇവ യഥാക്രമം 20 ലക്ഷം, 6 ലക്ഷം എന്നിങ്ങനെ തുടരും.
സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗസമിതിയുണ്ടാകുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.