ഫിഫ അണ്ടര്‍ 17 ലോകകപ്പ്, മൂന്നാം സ്ഥാനക്കാരായി മഞ്ഞപ്പടയുടെ മടക്കം

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി ബ്രസീല്‍ മടങ്ങി.

ലൂസേഴ്സ് ഫൈനലില്‍ മാലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണു മഞ്ഞപ്പടയുടെ വിജയം.

മത്സരത്തിന്റെ ആരംഭം മുതല്‍ മാലിയുടെ ആക്രമണമാണു ഗ്രൗണ്ടില്‍ പ്രകടമായത്. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയില്‍, 55-ാം മിനിറ്റില്‍ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. മാലി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബ്രസീല്‍ താരം അലന്‍ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പറുടെ കൈയില്‍ നിന്നു വഴുതി പോസ്റ്റിലേക്ക് ഉരുണ്ടുകയറുന്നത് അവിശ്വാസത്തോടെയാണ് മാലി കളിക്കാര്‍ നോക്കിനിന്നത്.

ഒരു ഗോള്‍ വീണതോടെ സമനിലയ്ക്കായി ഇരച്ചുകയറിയ മാലിക്ക് പക്ഷേ ഫിനിഷിംഗിലെ പോരായ്മകള്‍ തിരിച്ചടിയായി. കളി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെ ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ടു.

പകരക്കാരനായി ഗ്രൗണ്ടിലെത്തിയ യൂറി ആല്‍ബര്‍ട്ടോയുടെ വകയായിരുന്നു ഗോള്‍. ഇതോടെ അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നാം സ്ഥാനം ബ്രസീല്‍ ഉറപ്പിച്ചു.

Top