കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ നാളെ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും. മാറക്കാന സ്‌റ്റേഡിയത്തില്‍ നാളെ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. നെയ്മറുടെ ബ്രസീലും മെസ്സിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.
ലിയണല്‍ സ്‌കലോണി ടീമില്‍ ചില മാറ്റങ്ങളോടെയാകും അര്‍ജന്റീന ടീമിനെ ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയം കിരീടപ്പോരാട്ടത്തിനായി തയ്യാറായിക്കഴിഞ്ഞു. കാല്‍പ്പന്ത് കളിയുടെ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടത്തിന് തന്നെയാകും മാറക്കാന സ്‌റ്റേഡിയം വേദിയാവുക.