ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സിനിമ കാരണമായി ; അനുരാഗ് കശ്യപ്

വിമര്‍ശനങ്ങള്‍ക്കിടയിലും വിജയകരമായ് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് റണ്‍ബീര്‍ കപ്പൂര്‍ ചിത്രം അനിമല്‍. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇതിനോടക തന്നെ ഒരുപാട് ചര്‍ച്ചകള്‍ക്ക് വളിതെളിയിച്ചതാണ്.

‘അനിമലി’നെക്കുറിച്ച് അനുരാഗ് കശ്യപ് നടത്തിയ ഒരു പരാമര്‍ശം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ചയായിരുന്നു. സന്ദീപ് റെഡ്ഡി വാംഗയെ പിന്തുണച്ച് കൊണ്ടാണ് അനുരാഗ് സംസാരിച്ചത്. ഒരാള്‍ക്കും മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇങ്ങനെ സിനിമ ചെയ്യരുത്, അല്ലെങ്കില്‍ ഇങ്ങനെയാണ് സിനിമ ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഇവിടുത്തെയാളുകളുടെ വികാരം പെട്ടെന്നു വ്രണപ്പെടുമെന്നും തനിക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ തുടര്‍ന്ന് ഒരുപാടാളുകള്‍ അനുരാഗ് കശ്യപിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. സ്ത്രീവിരുദ്ധതയെയും അക്രമത്തെയും പിന്തുണയ്ക്കുന്ന പരാമര്‍ശമായിപ്പോയെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പ്രധാന ആരോപണം. തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍. സിനിമയെ വിമര്‍ശിക്കാനാണെങ്കില്‍ പോലും ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതാണ് ‘അനിമല്‍’ ചെയ്ത നല്ല കാര്യമെന്ന് അനുരാഗ് പറഞ്ഞു.

”ഒരാളെക്കൊണ്ടും ബലമായി ഒന്നും ചെയ്യിക്കാന്‍ സാധിക്കുകയില്ല. ഒരുപാട് പേര്‍ ഈ സിനിമ കണ്ടു. ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സിനിമ കാരണമായി. സ്ത്രീവിരുദ്ധത എന്താണെന്നും ആളുകള്‍ മനസ്സിലാക്കുന്നു. ‘അനിമലി’നെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് എന്താണ് ഫെമിനിസമെന്ന് ഒരുപാടാളുകള്‍ പഠിക്കുന്നു. നമ്മളെ ഒരാള്‍ പ്രകോപിപ്പിക്കുമ്പോള്‍ ഭയക്കുന്നതെന്തിന് ആളുകളെ പ്രകോപിക്കുന്ന സിനിമകളുണ്ടാക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്”- അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top