ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മണി രത്‌നം ഒരുക്കുന്ന സ്വപ്ന ചിത്രം കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ പോസ്റ്ററിനും കാരക്ടര്‍ പോസ്റ്ററിനും ലഭിച്ച പ്രേക്ഷക പിന്തുണ ചെറുതല്ല. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്തയാണ് പുതുതായി പുറത്തുവരുന്നത്.
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചത്. എക്കാലത്തെയും മികച്ച താരങ്ങളാല്‍ സമ്പന്നമായ മണി രത്‌നത്തിന്റെ മാസ്റ്റര്‍പീസായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം 2019 ഡിസംബറില്‍ ആണ് ആരംഭിച്ചത്.
വിക്രം, ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, തൃഷ കൃഷ്ണന്‍, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവരുള്‍പ്പെടെയുള്ള വന്‍താരനിരയാണ് ചിത്രത്തിലെന്നത് ശ്രദ്ധേയമാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തരായ രാജാക്കന്മാരില്‍ ഒരാളായ അരുള്‍മൊഴിവര്‍മന്റെ കഥയാണ് ചിത്രം പറയുന്നത്. ഇളങ്കോ കുമാരവേലും മണി രത്‌നവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി.ജയമോഹനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാന്‍ ആണ് പൊന്നിയന്‍ സെല്‍വന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്. രവിവര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2022ല്‍ റിലീസ് ചെയ്യും.