നവകേരള സദസ്; മിച്ചം വന്ന സ്പോൺസർഷിപ്പ് തുക ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നൽകി ധനമന്ത്രി

വകേരള സദസിന്‍റെ നടത്തിപ്പിനായുള്ള സ്പോൺസർഷിപ്പ് തുകയിൽ നിന്ന് മിച്ചം വന്ന 2,30,000 രൂപ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. പത്തനാപുരത്തെ ഗാന്ധിഭവൻ, സ്നേഹതീരം എന്നീ സ്ഥാപന പ്രതിനിധികൾക്ക് തുല്യമായാണ് പണം വീതിച്ച് നൽകിയത്. പത്തനാപുരം താലൂക്ക് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പണം കൈമാറിയത്. അതേസമയം, നവകേരള സദസിന് ശേഷമുള്ള മുഖാമുഖം പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചിരുന്നു.

വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ത്താണ് മുഖാമുഖം പരിപാടി. ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടിക്ക് തുടക്കം കുറിച്ചത്. നവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു.

തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സംഗീത- നാടക- ചിത്രകലാ- സിനിമ- വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലങ്ങളിലെ കലാകാരന്മാരുടെ തൊഴില്‍, വേതന പ്രശ്‌നങ്ങള്‍, ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം, ശാസ്ത്ര ബോധം വളര്‍ത്തുന്നതിന്റെ പ്രസക്തി, ഒ.ടി.ടി പ്ലാറ്റ്‌ഫോം, സര്‍ക്കാര്‍ സിനിമാ ബുക്കിധ് ആപ്പ്, കേരള കലാമണ്ഡലം പ്രവര്‍ത്തന വിപുലീകരണം, ശില്‍പകല, കഥാപ്രസംഗ രംഗത്തെ വെല്ലുവിളികള്‍, സ്മാരകങ്ങളുടെ നിര്‍മാണം, തൊഴിലവസരങ്ങള്‍, വായനശാലകളുടെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും നിര്‍ദേശങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വര്‍ഗീയ ചേരിതിരിവിനെതിരേ ശക്തമായ നിലപാടെടുക്കുന്നവരാണ് കേരളത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥികളായി.

 

 

Top