സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല മറിച്ച് ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി

കൊല്ലം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകളോട് പ്രതികരിച്ച് കെ എൻ ബാലഗോപാൽ. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം പണം തന്നില്ലെങ്കിൽ കേരളത്തിന് ഭാവിയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്നും കെ എൻ ബാലഗോപാൽ.

അതേസമയം ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലാണ് സംസ്ഥാന ഖജനാവ് എന്നാണ് റിപ്പോർട്ട്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്.

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാൾ 6500 കോടി രൂപ അധികം. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കണ്ടെത്തേണ്ടിവന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകപ്പിന്റെ വിലയിരുത്തൽ.

 

Top