സാറ്റ് തുണച്ചു ; വിജയ് രൂപാണിക്കെതിരെ സെബി ചുമത്തിയ പിഴ റദ്ദാക്കി

മുംബൈ: ഓഹരി വ്യാപാരത്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ചുമത്തിയ പിഴ റദ്ദാക്കി.

ഓഹരി വ്യാപാരത്തില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ വിധിച്ചത് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലാണ്(സാറ്റ്) റദ്ദാക്കിയത്.

സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനാണു മുഖ്യമന്ത്രിക്കെതിരെ നടപടി എടുത്തത്.

രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 കമ്പനികള്‍ക്കാണു പിഴ ചുമത്തിയത്. ഹിന്ദു അവിഭക്ത കുടുംബം (എച്ച്‌യുഎഫ്) എന്ന പേരിലായിരുന്നു രൂപാണിയുടെ ഓഹരി ഇടപാടുകള്‍.

ആകെ 6.9 കോടി രൂപ കമ്പനികള്‍ അടയ്ക്കണം എന്നായിരുന്നു സെബിയുടെ നിര്‍ദേശം. ഇതില്‍ 15 ലക്ഷമാണ് രൂപാണി അടയ്‌ക്കേണ്ടിയിരുന്നത്.

2016 മേയില്‍ 22 കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടും രൂപാണി മറുപടി നല്‍കിയില്ലെന്നു സെബി അറിയിച്ചു.

2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൃത്രിമം നടന്നത്. 2016 ഓഗസ്റ്റിലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായത്.

പിഴ ചുമത്തപ്പെട്ട 22 പേരിലൊരാളായ ആകാശ് ഹരീഷ്ഭായ് ദേശായ് സാറ്റില്‍ നല്‍കിയ അപ്പീലിലാണു നടപടി.

എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം നടപടി തീരുമാനിക്കണമെന്ന് സെബിയോട് സാറ്റ് നിര്‍ദ്ദേശിച്ചു.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരി വില്‍പനയെക്കുറിച്ച് 2011ല്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു.

Top