ആരോഗ്യ പ്രവര്‍ത്തകന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്‌ഐആര്‍

തിരുവനന്തപുരം: കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്നു പൊലീസ് എഫ്ഐആര്‍. കട്ടിലില്‍ കെട്ടിയിട്ടു പീഡിപ്പിച്ചതിനു പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

യുവതിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തി. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്കു ശേഷമാണു യുവതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്.

അകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെ ഇരുകൈകളും പുറകില്‍ കെട്ടിയിട്ടു വായില്‍ തോര്‍ത്ത് തിരുകി. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.

വായിലെ തോര്‍ത്തു മാറ്റിയശേഷം, ക്വാറന്റീന്‍ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ വരെ പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണു വീട്ടില്‍ നിന്ന് മോചിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

അവശനിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണു പോയത്. ആരോഗ്യസ്ഥിതി കണ്ടു വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നു പറയുകയും വെള്ളറട പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Top