നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം നൽകും

തിരുവനന്തപുരം: അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടങ്ങൾക്കും ഉടമകൾക്കുമെതിരെ നേരിട്ടു നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം വരും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. സർക്കാർ പരിശോധിച്ച ശേഷം നിയമം മലയാളത്തിലേക്കു മൊഴി മാറ്റുന്നതിന് വകുപ്പിനു തിരികെ നൽകി.

നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. പല കടമ്പകൾ കടന്നാണ് നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുന്നത്.

ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ പ്രദേശത്തെ അഗ്നിരക്ഷാ നിലയങ്ങൾക്കു നൽകണമെന്ന് ഫയർഫോഴ്സ് സർക്കാരിനോടു ശുപാർശ ചെയ്യും. ഇത്തരം കെട്ടിടങ്ങൾ അഗ്നിരക്ഷാ സേനാംഗങ്ങൾ സന്ദർശിക്കാനും അവയുടെ അവസ്ഥയും അവിടെ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാനും സൗകര്യമൊരുക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിനു ശുപാർശ നൽകുന്നത്.

അപകട മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്നു. ആദ്യ ഘട്ടത്തിൽ സ്പെഷൽ റിക്രൂട്മെന്റ് വഴി തിരഞ്ഞെടുത്ത 100 വനിതകൾക്കുള്ള പരിശീലനം അടുത്ത മാസം കേരള ഫയർ ഫോഴ്സ് അക്കാദമിയിൽ ആരംഭിക്കും. ഇവർക്കുള്ള നിയമന നടപടികൾ ആരംഭിച്ചു.

മനുഷ്യർക്കു നേരിട്ടു കടന്നു ചെല്ലാൻ പ്രയാസമുള്ള ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് റോബട്ടുകളെ നിയോഗിക്കാനുള്ള നടപടിയും ആരംഭിച്ചു. ഇതിനായി റോബട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ ആണ് സേന വാങ്ങുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ കനത്ത പുകയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ ഇവയെ ഉപയോഗിക്കാം. പുറത്തു നിന്നു നിയന്ത്രിക്കാൻ കഴിയുന്ന റോബട്ടിക് വാഹനത്തിൽ ക്യാമറയും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാകും.

കെഎംഎസ്‍സിഎൽ ഗോഡൗണിലെ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ മരിച്ച ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്ന് ഫയർഫോഴ്സ് മേധാവി സർക്കാരിനു ശുപാർശ നൽകിയിട്ടുണ്ടെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ഷജിൽ കുമാർ പറഞ്ഞു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അസോസിയേഷൻ ഭാരവാഹികൾ ഫയർ ഫോഴ്സ് മേധാവിയുമായി ചർച്ച ചെയ്തു.

Top