പുണെ: കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ 10 കോടി ഡോസുകള്‍ ഇന്ത്യയില്‍ 200 രൂപയ്ക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാല. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് പ്രത്യേക തുകയ്ക്ക് വാക്സിന്‍ നല്‍കുന്നതെന്നും പൂനവാല പറഞ്ഞു. മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിന്‍ വില്‍പ്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യത്തെ 10 കോടി ഡോസുകളാണ് ഇന്ത്യയില്‍ 200 രൂപയ്ക്ക് നല്‍കുക. സാധാരണക്കാരെയും ദരിദ്രരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിന് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇത്. അതിനു ശേഷം ഡോസിന് 1,000 രൂപ പ്രകാരം വിപണിയില്‍ വാക്സിന്‍ ലഭ്യമാക്കും, പൂനവാല പറഞ്ഞു.
വാക്സിന്‍ യാഥാര്‍ഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങളുടെ സംഘം കഠിനമായി പ്രയത്നിക്കുകയായിരുന്നു. നിരവധി രാജ്യങ്ങള്‍ വാക്സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു.
ജനുവരി 16ന് വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെ ചൊവ്വാഴ്ച രാവിലെ ആദ്യത്തെ ലോഡ് വാക്സിന്‍ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാജ്യത്തെ 13 ഇടങ്ങളിലേയ്ക്ക് അയച്ചു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.