മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ കൊലപ്പെടുത്തി 25 വര്‍ഷമായി ദുബായില്‍ ഒളിവില്‍ കഴിഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖിന്റെ (50) ജാമ്യാപേക്ഷ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് എം.പി ഷൈജല്‍ തള്ളി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നതും 25 വര്‍ഷമായി നിയമത്തെ കബളിപ്പിച്ച് മുങ്ങിയ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ബുധനാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് ഷെഫീഖിനെ പോലീസിന് കൈമാറുകയായിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഷെഫീഖിനെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നേരത്തെ പിടിയിലായ കൂട്ടുപ്രതികളായ ഷെഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് (51), എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരുടെ വിചാരണ തിയ്യതി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി രണ്ട് 30ന് നിശ്ചയിക്കും.
മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നല്‍കുന്ന പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ കഴിഞ്ഞ നവംബര്‍ 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍റസാഖ് നിര്‍ദ്ദേശിച്ച അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയിലാണ്.
മനാഫ് വധക്കേസില്‍ സി. ശ്രീധരന്‍നായരായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വറടക്കം 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതിയടക്കം നാലുപേര്‍ വിചാരണ സമയത്ത് ഒളിവിലായിരുന്നു. ഇവര്‍ പിടിയിലായതോടെയാണ് വിചാരണക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് നേടിയത്.