ഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. പോളണ്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ അടുത്ത സംഘവും ഉടന്‍ തന്നെ ഡല്‍ഹിയിലെത്തും.
ഇതോടെ ഓപ്പറേഷന്‍ ഗംഗ ദൗത്യം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. യുക്രൈനിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന്‍ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.
ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും സുരക്ഷിത ഇടനാഴി ഒരുക്കിയതുമാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി അതിര്‍ത്തിയിലെത്തിക്കാനും, അവിടെ നിന്ന് നാട്ടിലെത്തിക്കാനും തുണയായത്.