രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശില്‍ സര്‍വ്വീസ് ആരംഭിച്ചു.
ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് കമ്പനി നിര്‍മിച്ച ഇലക്ട്രിക് ബസിന് ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇ-ബസ് കെ 7 എന്നാണ് പേര് നല്കിയിരിക്കുന്നത്.
ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ BYD ഓട്ടോ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് വാഹനത്തിന്റെ നിര്‍മാണം ഗോള്‍ഡ്‌സ്‌റ്റോണ്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ 26 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും.
ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്ക്പ്രകാരം ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് ബസിന് കഴിയും. ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി വഴി വെറും നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം.
ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പതിമൂവായിരം അടി ഉയരത്തിലുള്ള പാതയിലും ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ഛണ്ഡിഗഡ്, രാജ്ഗഢ് തുടങ്ങി പ്രധാനപ്പെട്ട സിറ്റികളിലും ഇലക്ട്രിക് ബസ് വിജയകരമായി പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു.