തിരുവനന്തപുരം: പ്രഥമ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് തുടക്കമായി. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കള്‍ നീക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങള്‍ ദേശാതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യനെ ആനന്ദിപ്പിക്കുമെന്നും അതുകൊണ്ടാണ്, ഫുട്ബാള്‍ ലോകകപ്പില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ പോലും കേരളത്തിന്റെ നിസ്സീമമായ പിന്തുണയ്ക്ക് ഫിഫ നന്ദി അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കായികമേഖല വളര്‍ച്ചയുടെ വഴിയിലാണ്. ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ്, സന്തോഷ് ട്രോഫി, നാഷണല്‍ ഷൂട്ടിംഗ് കോംപെറ്റിഷന്‍, പാരീസ് ഒളിംപിക്‌സ് യോഗ്യതാ മത്സരമായ മൗണ്ടെയ്ന്‍ സൈക്ലിംഗ് കോമ്പറ്റിഷന്‍ അടക്കം നിരവധി കായിക മാമാങ്കങ്ങള്‍ ഇതിനോടകം സംസ്ഥാനത്ത് നടന്ന് കഴിഞ്ഞു. കേരളത്തിന്റെ കായികരംഗത്തെ സംഘടനാ മികവ് ഉയര്‍ത്തിക്കാട്ടുന്ന ഒന്ന് കൂടിയാകും ഈ ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ഫെസ്റ്റിവലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ ഫെസ്റ്റിവലിലൂടെ ക്യൂബ-കേരള സഹകരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ജൂണില്‍ നടത്തിയ ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ശ്രമമാണ് രാജ്യാന്തര ചെസ് ഫെസ്റ്റിവല്‍. ലോകത്താകെയുള്ള ചൂഷിത വര്‍ഗ്ഗത്തിന്റെ വിമോചനത്തിന് പോരാടിയ ചെ ഗുവേരയുടെ പേരില്‍ നടത്തുന്ന ഈ ടൂര്‍ണമെന്റ് കേരളത്തിലെ ചെസ്സിനും കായികമേഖലക്ക് ആകെയും പുതിയ ഒരു ഊര്‍ജ്ജം നല്‍കും. ക്യൂബയും കേരളവും പലകാര്യത്തിലും സമാനതകള്‍ ഉള്ള രണ്ട് ദേശങ്ങളാണ്. ഇടതുപക്ഷാഭിമുഖ്യം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ചെസ്സിനോടും ചതുരംഗം കളിയോടുമൊക്കെയുള്ള നമ്മുടെ ആവേശമൊക്കെ സമാനതകള്‍ ഉള്ളതാണ്. ഇരു ദേശങ്ങളുടെ സഹകരണം കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.