അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് ഇന്ന്. തെക്കൻ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. ബിജെപിയും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ആം ആദ്മി പാർട്ടിയും പ്രചാരണരംഗത്ത് സജീവമാണ്. ഒരു സീറ്റ് ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും എഎപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
39 പാർട്ടികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. 718 പുരുഷ സ്ഥാനാർത്ഥികളും 70 വനിതാ സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. ആദ്യഘട്ടത്തിൽ 2,39,76,670 വോട്ടർമാർ ജനഹിതം രേഖപ്പെടുത്തും. തൂക്കുപാലം തകർന്ന് 130 ലേറെ പേർ മരിച്ച മോർബിയും ഇന്ന് പോളിങ്ങ് ബൂത്തിലെത്തും.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദൻ ഗഡ്‌വി, മുൻ ഗുജറാത്ത് മന്ത്രിയായ പരിഷോത്തം സോളങ്കി, ആറ് തവണ എംഎൽഎയായി കുൻവർജി ബവാലി, കാന്തിലാൽ അമൃതീയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേഡജയുടെ ഭാര്യ റിവാബ്, ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷൻ എന്നിവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖർ.