തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കമാകുന്നു

തിരുവനന്തപുരം: തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. തിരുവിതാംകൂര്‍ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണു പദ്ധതി ലക്ഷ്യംവെക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉള്‍പ്പെടുത്തി അഞ്ചു സോണുകളിലായി ഇല്യുമിനേഷന്‍ പദ്ധതി നടപ്പിലാക്കും. കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകര്‍ഷകമാക്കത്തക്ക വിധത്തില്‍ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷന്‍ പദ്ധതി. ഇതിനായി 35.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

നവംബര്‍ ഒന്നിനു കേരളപ്പിറവിയോടനുബന്ധിച്ച് ഒരു പൈതൃക കെട്ടിടത്തിന്റെ ഇല്യുമിനേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിച്ചുകൊണ്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നു. മുസിരിസ്, ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി മാതൃകയിലാണ് തിരുവിതാംകൂര്‍ പൈതൃക ടൂറിസം സര്‍ക്യൂട്ട് പദ്ധതി വിഭാവനം ചെയ്തത്.

Top