15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ നടക്കും

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

പ്രോ ടൈം സ്പീക്കറായി കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിനെ നിയമിക്കാനും ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുന്‍ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം നേതാവുമാണ് രാഗേഷ്.

കേരളത്തില്‍ വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല.

Top