പെട്ടി പൊട്ടിക്കാത്ത ആദ്യത്തെ ഐഫോണ്‍ വീണ്ടും വമ്പൻ തുകയ്ക്ക് ലേലത്തില്‍ പോയി

ന്യൂയോര്‍ക്ക്: 2007 സ്‌മാർട്ട്‌ഫോൺ എന്ന ആശയത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ആദ്യത്തെ ഐഫോണ്‍ പുറത്തിറങ്ങിയത്. അന്ന് ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്‌സൽ ക്യാമറ, ഹോം ബട്ടണ്‍ എന്നിങ്ങനെ ക്ലാസിക്കായി ഫീച്ചറുകളാണ് ഉണ്ടായിരുന്നത്. ആപ്പിള്‍ ആരാധകര്‍ക്ക് ഇന്നും ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ് ആദ്യത്തെ ഐഫോണ്‍.

ഐഫോണ്‍ എന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു.  ഐഫോൺ 15 നെക്കുച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതത്. ഒരോ പതിപ്പിലും ആപ്പിള്‍ അപ്ഡേഷനുകളും വിലയും ഉയര്‍ത്തുന്നുവെന്നതും മറ്റൊരു കാര്യം. ഈ സമയത്ത് ആദ്യത്തെ ഐഫോണിനെ ആര് ഓര്‍ക്കാന്‍ എന്നാണോ. എങ്കില്‍ പുതിയൊരു വാര്‍ത്ത ടെക് ലോകത്തെ ഞെട്ടിക്കുകയാണ് ആദ്യത്തെ തലമുറയില്‍ പെടുന്ന ഐഫോണ്‍ ഇപ്പോള്‍ ലേലത്തിന് പോയത് 52 ലക്ഷം രൂപയ്ക്കാണ്.

ഒന്നാം തലമുറ ഐഫോണ്‍  വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമായല്ല. ഐഫോൺ  ഒന്നാം തലമുറ ഫോണിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലേല തുകയാണ് എന്നാല്‍ 52 ലക്ഷം. 2022 ഒക്ടോബറിൽ ഒന്നാം തലമുറ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത് വാര്‍ത്തയായിരുന്നു.

എല്‍സിജി എന്ന ലേല സൈറ്റിലാണ് വില്‍പ്പന നടന്നത്. സീൽ പൊട്ടിക്കാത്ത ആദ്യ തലമുറ ഐഫോൺ 63,356.40 യുഎസ് ഡോളറിന് വിറ്റുവെന്നാണ് ഈ സൈറ്റ് പറയുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 52 ലക്ഷം രൂപ വരും ഇത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് പഴയ ഐഫോണ്‍ ലേലത്തില്‍ പോയത്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 19വരെയാണ് ഈ ലേലം നടന്നത് എന്നാണ് സൈറ്റ് പറയുന്നത്.

കാരെൻ ഗ്രീന്‍ യുഎസിലെ ന്യൂജേഴ്സിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറി സീല്‍ പോലും പൊളിക്കാത്ത ഐഫോണ്‍ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം. ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഒന്നാം തലമുറ ഐഫോണ്‍ ലഭിക്കുന്നത് തീര്‍ത്തും വിരളമാണ്.

കാരെൻ ഗ്രീന് സമ്മാനമായി ലഭിച്ചതാണ് ഈ ഐഫോണ്‍ എന്നാല്‍ അവര്‍ ഇത് ഉപയോഗിച്ചില്ല. എന്നാല്‍ കുറേക്കാലത്തിന് ശേഷം ഇത് വില്‍ക്കാന്‍ നോക്കിയെങ്കിലും ആഗ്രഹിച്ച പണം കിട്ടിയില്ല. അതേ സമയത്താണ് പഴയ ഐഫോണ്‍ വലിയ തുകയ്ക്ക് ലേലത്തിന് പോയ കാര്യം കഴിഞ്ഞ ഒക്ടോബറില്‍ ഇവര്‍ അറിഞ്ഞത്. ഇതോടെ ലേല സൈറ്റിനെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയായിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക തന്റെ ടാറ്റൂ സ്റ്റുഡിയോ നവീകരിക്കാനാണ് ഗ്രീന്‍ ഉദ്ദേശിക്കുന്നത്.

Top