ഇന്റര്‍കോണ്ടിനന്റല്‍ ലീഗ്സ് കപ്പില്‍ നാളെയാണ് മെസിയുടെ ഇന്റര്‍ മയാമിയും എഫ്സി ഡാളസും തമ്മിലുള്ള പോരാട്ടം. എന്നാല്‍ മെസിയുടെ കളികാണാന്‍ ടിക്കറ്റ് ലഭ്യമായിരുന്നില്ല. മിനിറ്റുകള്‍ക്കകമാണ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് പോയത് ഈ സാഹചര്യത്തില്‍ ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള പണികള്‍ തുടങ്ങിക്കഴിഞ്ഞു. മെസിയുടെ വരവ് ഇന്റര്‍ മയാമിക്ക് മാത്രമല്ല, അമേരിക്കന്‍ ഫുട്‌ബോളിന് തന്നെ ഇന്നോളമില്ലാത്ത അവേശം നല്‍കിയിരിക്കുകയാണ്.
ഡാളസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവേഗം ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 299 ഡോളറാണെങ്കിലും ഈ ടിക്കറ്റുകളെല്ലാം 600 ഡോളറിനാണ് വിറ്റുപോയത്. കരിഞ്ചന്തയില്‍ ടിക്കറ്റ് വില പതിന്‍മടങ്ങാണ്. 9000 ഡോളറിന് വരെ ടിക്കറ്റ് വാങ്ങാന്‍ ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തില്‍ കളികാണാന്‍ ഇരുപതിനായിരം പേര്‍ക്കേ സൗകര്യമുള്ളൂ. മെസി എത്തിയതോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ് ടീമുകളെല്ലാം.