വസ്ത്രങ്ങളില്‍ നിറത്തിനായി ചേര്‍ക്കുന്ന റോഡമിന്‍ ബി ഉപയോഗിച്ചുള്ള മിഠായികള്‍ പിടികൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മലപ്പുറം: വസ്ത്രങ്ങളില്‍ നിറത്തിനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള മിഠായികള്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാന്‍സറിന് വരെ കാരണമാകുന്ന മായം കലര്‍ന്ന മിഠായികളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഇവയുടെ ഉല്‍പ്പാദനകേന്ദ്രങ്ങളും ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു.

500 മിഠായിപാക്കറ്റുകളടക്കം, മൊത്തം 50 കിലോഗ്രാം വരുന്ന റോഡമിന്‍ ബിയാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. തിരൂര്‍ ബി പി അങ്ങാടിയിലെ ചെറുകിടകച്ചവടക്കാരില്‍ നിന്നാണ് ഇവ പിടികൂടിയത്. ‘ചോക്ക് മിഠായി’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവ പല നിറത്തില്‍ വിപണിയിലുണ്ട്. ശരീരത്തിന് ഹാനികരമായ റോഡമിന്‍ ബി എന്ന രാസ പദാര്‍ത്ഥമാണ് ഈ നിറങ്ങള്‍ക്കായി ചേര്‍ക്കുന്നത്. മലപ്പുറം തിരൂരില്‍ ഭക്ഷ്യസുരക്ഷവകുപ്പ് നടത്തിയ പരിശോധനയില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യമുള്ള മിഠായികളാണ് കണ്ടെത്തിയത്.

പൊന്നാനി കൊല്ലന്‍പടി, കറുകതിരുത്തി ഭാഗങ്ങളിലെ നാലു വീടുകളിലാണ് ഇവ നിര്‍മ്മിച്ചിരുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള റോഡമിന്‍ ബി ഭക്ഷ്യപഥാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത് തിരിച്ചറിയാതെയാണ് വര്‍ഷങ്ങളായി കുടില്‍ വ്യവസായം പോലെ മിഠായികള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവയില്‍ അധികവും കോയമ്പത്തൂരില്‍ നിന്നാണ് വിപണയിലേക്കെത്തുന്നത്. റോഡമിന്‍ ബി ചേര്‍ത്ത് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കി.

Top