ഫോഡ് സമരം തീര്‍ന്നു; വേതന വര്‍ധനയ്ക്കു ധാരണ; 40 വര്‍ഷമായി തുടരുന്ന സമരം

ഡിട്രോയ്റ്റ്: വേതനവര്‍ധന ഉന്നയിച്ച് യുഎസിലെ ഫോഡ് പ്ലാന്റുകളില്‍ നടത്തിയ സമരം അവസാനിപ്പിക്കാനുള്ള കരാറിന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അംഗീകാരം നല്‍കി. സ്ഥിരം ജീവനക്കാര്‍ക്ക് 30%വരെയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇരട്ടിയിലധികവും വേതനവര്‍ധന ഉറപ്പാക്കുന്ന കരാറിനാണ് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗീകാരം നല്‍കിയത്.

കഴിഞ്ഞ മാസം, സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിച്ച പ്രസിഡന്റ് ജോ ബൈഡന്‍ അവര്‍ക്കു പിന്തുണ നല്‍കിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തൊഴിലാളി സമരത്തിനു പിന്തുണ നല്‍കാന്‍ അവരെ സന്ദര്‍ശിക്കുന്നത്. 40 വര്‍ഷമായി തുടരുന്ന സമരത്തിലെ നിര്‍ണായക വഴിത്തിരിവാണ് പുതിയ കരാര്‍ എന്ന് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് പ്രസിഡന്റ് ഷോണ്‍ ഫെയ്ന്‍ പറഞ്ഞു.

പുതിയ കരാര്‍ പ്രകാരം സ്ഥിരജോലിക്കാരുടെ വേതനം 2028 ആകുമ്പോഴേക്കും മണിക്കൂറില്‍ 43 ഡോളറായി വര്‍ധിക്കും. ആഴ്ചയില്‍ 32 മണിക്കൂര്‍ ജോലി, 40% വരെ ശമ്പള വര്‍ധന തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ തുടക്കത്തില്‍ മുന്നോട്ടു വച്ചിരുന്നതെങ്കിലും പിന്നീട് ഇവയില്‍ പലതും മയപ്പെടുത്തി.

Top