പാലക്കാട്: കുറുമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരളാ ഫോറസ്റ്റ് ആക്ട് (27) പ്രകാരം വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.
വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്പാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.
മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയെന്ന സംശയത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.
സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മലയില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചു. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാബുവിന് എതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.