കല്‍പ്പറ്റ: വയനാട് തരുവണ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഇന്ന് വീണ്ടും ആരംഭിച്ചു. ഇരുട്ട് വീണതോടെ ഇന്നലെ വൈകിട്ട് തിരച്ചില്‍ വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. കരടിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ ശ്രമം. കരടി പനമരം പഞ്ചായത്തിലെ ജനവാസ മേഖലയിലുണ്ടെന്നാണ് ഒടുവിലെ വിവരം. കാരയ്ക്കമല, ചേരിയംകൊല്ലി എന്നീ പ്രദേശങ്ങളില്‍ രാത്രി നാട്ടുകാര്‍ കരടിയെ കണ്ടിരുന്നു. കാരയ്ക്ക മലയിലെ ഒരു വീട്ടിലെത്തിയ കരടി പഞ്ചസാര പാത്രം എടുത്തുകൊണ്ടുപോയി.
രാത്രിയും പകലും നിര്‍ത്താതെ സഞ്ചരിക്കുന്നതാണ് കരടിയെ പിടികൂടുന്നതില്‍ വനംവകുപ്പിന് മുന്നിലുള്ള പ്രതിസന്ധി. വനം വകുപ്പ് മേഖലയില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഡിഎഫ്ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, ഷജിന കരീം എന്നിവരുടെ നേതൃത്വത്തിലാണ് കരടിയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നത്.
തരുവണ കരിങ്ങാരിയിലെ നെല്‍വയലിലാണ് നാട്ടുകാര്‍ ആദ്യം കരടിയെ കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകര്‍ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. പിന്നീട് പടക്കം പൊട്ടിച്ച് കരടിയെ വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം മുന്‍പ് പയ്യമ്പള്ളിയിലാണ് ആദ്യം കരടിയെ നാട്ടുകാര്‍ കണ്ടത്. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലും കരടി ഇറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.