വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി

തിരുവനന്തപുരം : വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,.

രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. പുല‍ർച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകർക്കുകയും ചെയ്തു. ഷെഡിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

കേരളത്തിനകത്തും പുറത്തും ഉള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാൻമാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം അരിക്കൊമ്പൻ ദൗത്യവുമായി ചേർത്ത് വായിക്കേണ്ട കാര്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നുണ്ട്. ടെലി കോളർ വച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അരിക്കൊമ്പൻ മിഷൻ സുതാര്യമായാണ് നടത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു.

Top