പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവിൽ സര്‍ക്കാരിന് ആശങ്കയില്ലെന്ന് വനംമന്ത്രി

രിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ നടപടിയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പങ്ങളില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷകര്‍ക്ക് പ്രശ്നമാവുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യില്ലെന്നും കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വനംമന്ത്രി പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും .

‘കേന്ദ്ര എന്‍പവര്‍ കമ്മിറ്റിയിലെടുത്ത നിലപാട് ജനവാസ മേഖലയെ ഒഴിവാക്കണമെന്നതാണ്. ആ നിലപാടുമായി ബന്ധപ്പെട്ട നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഉത്തരവ് ലഭിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് അറിയിച്ചിട്ടുണ്ട്. നിയമത്തിന്റെ വഴിയെയും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിലൂടെയും വിഷയത്തില്‍ പരിഹാരമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’. മന്ത്രി പറഞ്ഞു.

ജനങ്ങളെയും സര്‍ക്കാരിനെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം ഇക്കാര്യത്തിലുണ്ടോ എന്ന് കൂടി സംശയമുണ്ടെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.അനാവശ്യ വിവാദമാണ് വിഷയത്തിലുയരുന്നത്. പ്രശ്‌നത്തെ എങ്ങനെയാണ് കര്‍ഷകര്‍ക്ക് പ്രയോജനകരമായി കൈകാര്യം ചെയ്യണ്ടതെന്നാണ് സര്‍ക്കാര്‍ നോക്കുന്നത് എന്നും വനംമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

 

 

Top