കൊച്ചി: നികുതി വെട്ടിച്ച് കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന നാല് ആഡംബര ബസുകളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകളെയാണ് ആലുവയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്.
താല്‍ക്കാലിക പെര്‍മിറ്റ് മാത്രമെടുത്താണ് നികുതി വെട്ടിച്ചാണ് കേരളത്തിലേക്ക് ആഡംബര ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ ഒരു സീറ്റിന് 3000 രൂപയും സ്ലീപ്പര്‍ ബര്‍ത്തിന് 4000 രൂപയും നികുതിയടയ്‌ക്കേണ്ട ബസുകളാണ് താല്‍ക്കാലിക പെര്‍മിറ്റ് മാത്രമെടുത്ത് സര്‍വീസ് നടത്തിയത്. 350 രൂപ അടച്ച് താല്‍ക്കാലിക പെര്‍മിറ്റ് മാത്രമെടുത്ത് കോണ്‍ട്രാക്ട് ക്യാരേജുകളെന്ന വ്യാജേനയാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിവന്നത്.
പുതുച്ചേരിയിലും തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്ത ഈ ബസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. പിടികൂടിയ നാലു ബസുകളില്‍ നിന്ന് നികുതിയും പിഴയുമടക്കം 12 ലക്ഷം രൂപ ഈടാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.