ഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പട്ട് പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ. രണ്ട് കന്യാസ്ത്രീകൾക്കെതിരെയുള്ള നിയമ നടപടി തുടരാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സിസ്റ്റർ അമല, ആനി റോസ് എന്നിവർക്കെതിരായ കേസ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രികള്‍ അയച്ചു എന്നണതാണ് ഇവർക്കെതിരായ കുറ്റം. കുറവിലങ്ങാട് പൊലീസ് ആണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ ഹൈക്കോടതി വിധി രണ്ട് കന്യാസ്ത്രീകൾക്ക് അനുകൂലമായിരുന്നു.
ഇ – മെയില്‍ സന്ദേശത്തില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇ-മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും കേസുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.