ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് കോട്ടയം ഡി.സി.സിയിലെ പൊതുദര്‍ശനം പത്തുമിനിറ്റായി ചുരുക്കിയിരുന്നു.

ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പുതുപ്പള്ളി പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ്. രണ്ട് മണിക്ക് പള്ളി ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിക്കാനും അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. സംസ്‌കാര ശുശ്രൂഷയ്ക്ക് ഓര്‍ത്തഡോക്സ് അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

രാത്രി വൈകിയാലും സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. മൃതദേഹവുമായുള്ള വിലാപ യാത്ര തിരുനക്കര മൈതാനിയിലേക്ക് എത്തി. മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയില്‍ പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ കോട്ടയത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

Top