മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി. കളി ആരംഭിച്ചിട്ടേയുള്ളൂവെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍ ക്ഷിണിതനായ മുഖ്യമന്ത്രിയാണ്. കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ഞാന്‍ എഴുതിത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും. പൊതുജനം ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്. തേജസ്വി യാദവ് പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷം ബിജെപി സര്‍ക്കാരും ജെഡിയു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ബിഹാറില്‍ 17 മാസം കൊണ്ട് മഹാസഖ്യ സര്‍ക്കാര്‍ ചെയ്തതെന്നും തേജസ്വി വ്യക്തമാക്കി.
ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തിയത്. വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും, ചിരാഗ് പാസ്വാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.