മൂന്ന് കോടി രൂപക്ക് കിഡ്നി വിൽക്കാൻ തയ്യാറായ നഴ്സിങ് വിദ്യാർഥിയിൽ നിന്നും സംഘം 16 ലക്ഷം തട്ടി

വിജയവാഡ: മൂന്ന് കോടി രൂപക്ക് വൃക്ക വിൽക്കാമെന്ന് സമ്മതിച്ച നഴ്സിങ് വിദ്യാർഥിയെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തു. ഹൈദരാബാദിൽ നഴ്സിങ്ങിന് പഠിക്കുന്ന ​ഗുണ്ടൂർ സ്വദേശിയായ പെൺകുട്ടിയെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്. പണം നഷ്ടമായതിനെ തുടർന്ന് പെൺകുട്ടി ​​ഗുണ്ടൂർ പൊലീസിനെ സമീപിച്ചു. അച്ഛന്റെ ബാക്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച രണ്ട് ലക്ഷം രൂപ തിരിച്ചടക്കാനാണ് പെൺകുട്ടി വൃക്ക വിൽക്കാൻ തയ്യാറായത്.

സോഷ്യൽ മീഡിയയിലൂടെ പ്രവീൺ രാജ് എന്നയാളാണ് പെൺകുട്ടിയെ സമീപിച്ചത്. വൃക്ക നൽകിയാൽ മൂന്ന് കോടി രൂപ തരാമെന്നായിരുന്നു വാ​ഗ്ദാനം. പകുതി ഓപ്പറേഷന് മുമ്പും ബാക്കി ഓപ്പറേഷന് ശേഷവും നൽകാമെന്നും പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് ചെന്നൈ സിറ്റി ബാങ്ക് ബ്രാഞ്ചിൽ‌ അക്കൗണ്ടുണ്ടാക്കി. വെരിഫിക്കേഷൻ ചാർജായി 16 ലക്ഷം രൂപ ആദ്യം നൽകണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി 16 ലക്ഷം സംഘടിപ്പിച്ച് നൽകിയതിന് പിന്നാലെ അക്കൗണ്ടിലേക്ക് മൂന്ന് കോടി ട്രാൻസ്ഫർ ചെയ്തു. പെൺകുട്ടി പണം ആവശ്യപ്പെട്ടപ്പോൾ ദില്ലിയിൽ പോയി പണം വാങ്ങാൻ പറഞ്ഞു. ഇവർ നൽകിയ വിലാസവുമായി പെൺകുട്ടി പണത്തിനായി ദില്ലിയിലെത്തി. അവിടെയെത്തിപ്പോഴാണ് വിലാസം വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്നാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ പെൺകുട്ടി പൊലീസിനെ സമീപിച്ചത്.

പഠനച്ചെലവിനായി തന്റെ എടിഎം കാർഡുകളിലൊന്ന് മകൾക്ക് നൽകിയിരുന്നതായി പിതാവ് പറഞ്ഞു. എന്നാൽ അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിച്ചത് നവംബറിലാണ് കണ്ടെത്തിയത്. തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ മകളോട് ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർഥി ഹൈദരാബാദിലെ ഹോസ്റ്റൽ വിട്ടു. എന്നാൽ, സ്വന്തം വീട്ടിൽ എത്തിയതുമില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ എൻടിആർ ജില്ലയിലെ ജഗ്ഗയ്യപേട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Top