ദോഹ : കുവൈറ്റില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി.) 38ാമത് സുപ്രീം കൗണ്‍സില്‍ സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന ജി.സി.സി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമീര്‍ കുവൈറ്റിലെത്തി.
ലോകരാജ്യങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന നിര്‍ണായക ഉച്ചകോടിയായിരിക്കും ഇത്തവണത്തേത്.
സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖ്വാബൂസ് ബിന്‍ സയീദിന് പകരമായിട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി ഫഹ്ദ് ബിന്‍ മഹ്മൂദ് അല്‍ സയീദാണ് പങ്കെടുക്കുന്നത്.
നിര്‍ണായക തീരുമാനങ്ങളും ചര്‍ച്ചകളും ഉച്ചകോടിയിലുണ്ടാകും.
തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിന് മേല്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് ദിവസങ്ങളായി നടക്കുന്ന ജി.സി.സി. ഉച്ചകോടിയില്‍ പരിഹരിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.