മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് കാണാതായ പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍. കൊലപാതകം നടത്തി മൃതദേഹം മണ്ണിട്ടു മൂടി ഒളിപ്പിച്ച നിലയിലായിരുന്നു. കേസിൽ പ്രതിയെന്നു സംശയിക്കുന്ന അൻവർ പിടിയിലായി. തിരൂര്‍ ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.
പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ ഇയാളുടെ ഭൂമിയില്‍ എത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മാര്‍ച്ച് 10നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പെൺകുട്ടി പുറപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലെ സിസിടിവി ക്യാമറയില്‍, പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്. നാളെ തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിക്കും.