കോഴിക്കോട്: കോഴിക്കോട് വെളളയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം അയച്ച പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിലെത്തിയില്ലെന്ന വിവരത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ വെളളയില്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി വീടെത്തിയതായി രക്ഷിതാക്കള്‍ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നില്‍ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ രണ്ടുപേരെ കര്‍ണാടകത്തില്‍ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴിനല്‍കിയിരുന്നു. കുട്ടികളുടെ എതിര്‍പ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോള്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.