കൊച്ചി: ഹൈക്കോടതിയില്‍ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം. പൊലീസിടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഹേബിയസ് കോര്‍പ്പസിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് പെണ്‍കുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതി എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതില്‍ നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗസ്റ്റ് 14 മുതല്‍ പൂത്തോട്ട ലോ കോളജില്‍ പഠിക്കുന്ന നിയമവിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂര്‍ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്.യുവതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചിരുന്നു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.