വാരാണസി: രാജ്യത്തിന്റെ നന്മ മാത്രമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവര്‍ത്തനങ്ങളെന്നും, പാര്‍ട്ടിയേക്കാളും രാജ്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും, ഞങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതോ അല്ലെന്നും രാജ്യത്തിന്റെ നന്മ മാത്രമാണു ലക്ഷ്യമിടുന്നതെന്നും മോദി വാരാണസിയില്‍ പറഞ്ഞു.
ദരിദ്രരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണു തന്റെ ലക്ഷ്യമെന്നും, 2022-ല്‍ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്‍പായി അവരുടെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുമെന്നും, അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഞങ്ങളുടെ ലക്ഷ്യമിതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മാത്രമല്ല, 2022നുള്ളില്‍ എല്ലാവര്‍ക്കും വീടു നല്‍കുമെന്നും, അഴിമതി മുക്തമായ പുതിയ ഇന്ത്യയ്ക്കു വേണ്ടിയാണ് എന്‍ഡിഎ പ്രവര്‍ത്തിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
പാവങ്ങള്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കാന്‍ മുന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നും, വീടില്ലാത്തവരുടെ പട്ടിക നല്‍കാന്‍ ഞങ്ങള്‍ സര്‍ക്കാരിന് ഒന്നിനു പുറകെയൊന്നായി കത്തയച്ചു എന്നും, എന്നാല്‍ ഒന്നിനു പോലും അവര്‍ മറുപടി നല്‍കിയില്ലെന്നും, കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് 10,000 പേരുടെ വിവരങ്ങളടങ്ങിയ കത്ത് ഞങ്ങള്‍ക്കു നല്‍കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ദരിദ്രര്‍ക്കായി കരുതിയിരുന്ന പണവും മുന്‍സര്‍ക്കാരില്‍ നിന്നും അവരിലേക്ക് എത്തിയിരുന്നില്ലെന്നും മോദി ആരോപിച്ചു.