കൊച്ചി: പൃഥ്വിരാജ് ബ്ലസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആട് ജീവിതം സിനിമയുടെ വെബ്‌സൈറ്റ് ലോഞ്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍. റഹ്‌മാന്‍ നിര്‍വഹിച്ചു. ‘ആട് ജീവിതം’ ഒരു തരത്തില്‍ മ്യൂസിക് കമ്പോസറുടേത് കൂടിയാണെന്നും ബ്ലസിക്കും ടീമിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എ. ആര്‍. റഹ്‌മാന്‍ പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം മാര്‍ച്ച് 28-ന് തിയേറ്ററുകളിലെത്തും. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ കണ്ടതിനുശേഷം ഞാന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ വ്യക്തമാക്കി.
സിനിമയ്ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പ്രേക്ഷകര്‍ അറിയണമെന്നുള്ളതുകൊണ്ടാണ് ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തതെന്നും ആട് ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിന് ശേഷം ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നതെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് മാര്‍ച്ച് പത്തിന് നടത്തും. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.