തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് നീക്കം ഊര്‍ജിതമാക്കി സര്‍ക്കാരും മദ്യ കമ്പനികളും. വില്‍പന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസല്‍ ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ചു. ജി.എസ്.ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.
ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മര്‍ദ്ദം ശക്തമാക്കിയത്.നിലവില്‍ 400 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251% വും 400ല്‍ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.
20% നും 40%നും ഇടയില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തില്‍ വില്‍ക്കുക. ബീയറില്‍ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതില്‍ കുറവുമായിരിക്കും. ഐടി, ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഈ മദ്യം കൂടി വേണമെന്ന വിലയിരുത്തലില്‍ അബ്കാരി നിയമത്തില്‍ ഇതു കൂടി ചേര്‍ത്ത് ഒരു വര്‍ഷം മുന്‍പ് ഉത്തരവിറങ്ങിയിരുന്നു.
പക്ഷേ നികുതി നിശ്ചയിക്കാത്തതു കൊണ്ടാണ് കമ്പനികള്‍ക്ക് വില തീരുമാനിക്കാന്‍ കഴിയാതിരുന്നത്.പല സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെങ്കിലും ചിലയിടത്തു മാത്രമാണ് നികുതിയിളവ്. കമ്പനികള്‍ നികുതിയിളവ് തരപ്പെടുത്തിയ ശേഷം വീര്യം കൂടിയ മദ്യം ഇതിന്റെ മറവില്‍ വില്‍ക്കുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു. പഴങ്ങളില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വില്‍പന നടത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ലൈസന്‍സ് ചട്ടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.