രക്ഷാപ്രവര്‍ത്തനം സജീവമായത് സൈന്യം ഇറങ്ങിയ ശേഷം, സര്‍ക്കാര്‍ പരാജയമെന്ന് സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: മഴക്കെടുതിയില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മരണപ്പെട്ടവര്‍ക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവര്‍ക്കും ധനസഹായം നല്‍കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഉടുതുണി പോലും മാറാന്‍ ഇല്ലാതെ സര്‍വ്വസ്വവും നഷ്ടമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 16ന് ഉച്ചയ്ക്ക് വെള്ളപ്പൊക്കമുണ്ടായിട്ട് ഫയര്‍ഫോഴ്‌സ് എത്തുന്നത് വൈകീട്ട് 6 മണിക്കാണ്. വെളിച്ചകുറവിന്റെ പേരില്‍ രക്ഷാപ്രവര്‍ത്തനം അധികം താമസിക്കാതെ നിര്‍ത്തിവെക്കുകയും ചെയ്തു.

കോട്ടയം ജില്ലയിലൊക്കെ സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വന്നത്. ഇടുക്കിയിലും വൈകുന്നേരം വരെ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ നിര്‍ജ്ജീവമായിരുന്നെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വൈകുന്നേരത്തോടെ ദുരിതത്തില്‍ അകപ്പെട്ടവരെ വാര്‍ഡ് മെമ്പര്‍മാര്‍ ക്യാമ്പുകളില്‍ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇടുക്കിയിലെ പല ക്യാമ്പുകളിലും ഇപ്പോഴും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ട്. ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. നദിക്കരയിലും മലമുകളിലും വീട് വെക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top