തിരുവനന്തപുരം: ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച് കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ടൂറിസം വകുപ്പിന് ചെലവായ തുക എന്ന നിലയിലാണ് പണം അനുവദിച്ചത്. ഡിസംബര്‍ 23 നാണ് ടൂറിസം വകുപ്പ് പണം ആവശ്യപ്പെട്ടത്. ജനുവരി 23 ന് പണം അനുവദിക്കുകയായിരുന്നു.
ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപയും അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പരത്തി പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നല്‍ ടൂറിസം മേഖലയില്‍ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായിരുന്നില്ല. 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതില്‍ ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനായിരുന്നു, 9.39 കോടി രൂപ. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.