തിരുവനന്തപുരം: കേരള ഹൗസിലെ എന്‍ജിഒ യൂണിയന്‍ നേതാവിന് കണ്‍ട്രോളറായി സ്ഥാനക്കയറ്റം നല്‍കാന്‍ വീണ്ടും സര്‍ക്കാരിന്റെ കുറുക്ക് വഴി. ഫ്രണ്ട് ഓഫീസ് മാനേജറെ കണ്‍ട്രോളറാക്കാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍ജിഒ യുണിയന്‍ നേതാവ് കെ.എം. പ്രകാശന് സ്ഥാനക്കയറ്റം നല്‍കാനുള്ള, സര്‍ക്കാരിന്റെ വഴിവിട്ട നീക്കം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രണ്ട് ഹൗസ് മാനേജര്‍ തസ്തിക ഗസറ്റഡ് ആക്കി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ കെ എം പ്രകാശിനെ വഴിവിട്ട് സഹായിക്കാനുള്ള വഴി കണ്ടെത്തിയത്.
ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് പുതിയ ഉത്തരവ്. നിലവില്‍ നോണ്‍ ഗസറ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജറുടെ തസ്തിക ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തി അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വഹിക്കുന്ന കണ്‍ട്രോളാകാനുള്ള കളമൊരുങ്ങി. അതായത് ഒരു ഒറ്റ ഭേദഗതിയിലൂടെ നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള ഭരണാനുകൂല നേതാവിനായി ഇരട്ട പ്രമോഷനായി. കണ്‍ട്രോളര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ കേരള ഹൗസ് ജീവനക്കാരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍വിവരങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുഭരണ വകുപ്പ് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ റസിഡന്‍സ് കമ്മീഷണര്‍ മറുപടി നല്‍കിയിരുന്നില്ല. ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു.
കാറ്ററിങ്ങ് മാനേജര്‍, ഹൗസ് കീപ്പിങ്ങ് മാനേജര്‍ എന്നീ തസ്തികകളാണ് നിലവില്‍ കേരള ഹൗസില്‍ ഗസറ്റഡ് റാങ്കിലുള്ളത്. ഇതിന് പുറമെയാണ് ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തിക കൂടി ഗസറ്റഡ് ആക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഈ മൂന്ന് തസ്തികയിലുള്ളവരെയും ഇനി കണ്‍ട്രോളര്‍ സ്ഥാനത്തേക്ക് പരിഗണിക്കാം. മുമ്പ് ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് കണ്‍ട്രോളര്‍ പദവിയിലുണ്ടായിരുന്നത്. കെ എം പ്രകാശന് വേണ്ടി ചട്ട വിരുദ്ധ നീക്കങ്ങള്‍ നടക്കുന്നെന്ന ആക്ഷപം മുമ്പ് ഉയര്‍ന്നിരുന്നു.