തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായി കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് അപ്പീല്‍.
അതേസമയം, ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ആരംഭിച്ചു.
ഇതിനെ തുടര്‍ന്ന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്.
റോജി എം ജോണ്‍, വി.ബി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, എന്‍ ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
നിയമസഭയില്‍ ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെയായിരുന്നു ബഹളത്തിന് തുടക്കം.
അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കാന്‍ കാരണം.
മാത്രമല്ല, സുരേഷിന്റെ നിയമനം കോടതി റദ്ദ് ചെയ്തു. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.