മൂന്നാറില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടര്‍ന്ന് മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കളക്ടര്‍ക്കു കൈമാറി.

മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.

ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ചുക്കാന്‍പിടിച്ച സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ. സോമന്‍, ആര്‍.കെ. സിജു എന്നീ നാലു പേരെയാണ് സ്ഥലം മാറ്റുന്നതിനായി ഉത്തരവിട്ടിരുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ക്വാഡിലെ മറ്റു നാല് പേര്‍ക്കെതിരെയുള്ള നടപടി.

Top