സർക്കാരിന്റെ കയ്യിൽ ഒന്നിനും കാശില്ല; നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കും : പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിവിധ വിഷയങ്ങള്‍ ഉണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ ഒന്നിനും കാശില്ല. നന്നായി പ്രവര്‍ത്തിക്കാനും പറ്റുന്നില്ല. സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. അത് നിയമസഭയില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ ലഭിക്കാത്തതില്‍ ആത്മഹത്യകള്‍ നടക്കുകയാണ്.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടയില്‍ നാളെയാണ് പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കമാകുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന്റെ വേദിയായി ഈ സമ്മേളനം മാറും.

കേന്ദ്രത്തില്‍നിന്ന് ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്റേതാണ്. അതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചര്‍ച്ച കഴിഞ്ഞതിനുശേഷമേ പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. അധിക സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്ലാം ആദ്യ റൗണ്ട് ചര്‍ച്ച കഴിഞ്ഞശേഷം ലീഗിന്റെ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top